Tuesday, August 31, 2010

Message At Twilight....


ഒരേ വാക്കുകള്‍ കൊണ്ട് മെനഞ്ഞ രണ്ടു സന്ദേശങ്ങള്‍ ..
അവക്കിടയില്‍ എത്ര ദൂരം..?
ഒരായുസ്സിന്റെ ദൂരം.

എന്റെ ജന്മം മുഴുവന്‍ നല്‍കി സ്നേഹിച്ച പ്രിയപ്പെട്ടവനില്‍ നിന്നു
എന്നെ ഏറ്റവും വേദനിപ്പിച്ചവനിലേക്ക് -

മരിക്കുവോളം പിരിയില്ല എന്ന വിശ്വാസത്തില്‍ നിന്നു
ഇനി ഞാന്‍ തനിയെ എന്ന തിരിച്ചറിവിലേക്ക് -

ലോകത്തേറ്റവും ഭാഗ്യവതി എന്ന അഹന്തയില്‍ നിന്നു
നിരാശയുടെ , വിഷാദത്തിന്റെ ,ആത്മനിന്ദയുടെ പടുകുഴിയിലേക്ക്
ഉള്ള ദൂരം.

Sunday, August 29, 2010

സ്വപ്നത്തിന്റെ ബാക്കി


ഇതൊക്കെ ഒരു സ്വപ്നം ആണെങ്കില്‍
എന്നെ ഈ ഉറക്കത്തില്‍ നിന്നു
ഒരിക്കലും ഉണര്ത്തരുതേ
എന്ന് പ്രാര്‍ത്ഥിച്ചിരുന്നു, ഒരിക്കല്‍.

ഉണര്‍ന്നു...
ആരൊക്കെയോ കുലുക്കി ഉണര്‍ത്തി.
ഭീകര യഥാര്ത്യങ്ങളുടെ നടുവിലേക്ക് വലിച്ചെറിഞ്ഞു.

വേദന... എന്തൊരു വേദനയാണിത്???

Friday, August 27, 2010

ശസ്ത്രക്രിയ


ശല്യമാണ് ഓര്‍മ്മകള്‍.
ഔചിത്യമില്ലാത്ത അതിഥികളെ പോലെ
അസമയത്ത് അലോസരപ്പെടുത്തുന്നവര്‍.
കേറി വന്നാല്‍ പിന്നെ തിരിച്ചു പോകാത്തവര്‍.
ആട്ടി ഇറക്കിയാലും ലജ്ജയില്ലാതെ
പിന്നെയും പിന്നെയും...

അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങള്‍
ഓണപ്പുടവയിലെ കസവ് നൂലുകള്‍
മുളക് എണ്ണയില്‍ മൂക്കുന്ന മണം
എന്തിനു
പഴയൊരു ഐഡന്റിറ്റി കാര്‍ഡ്‌ ടാഗും
തൊലിയില്‍ വരയുന്ന ഒരു ബോള്‍പെന്‍ രേഖ പോലും
കൊണ്ട് വന്നു മറിക്കും,
ഒരു നൂറു ഓര്‍മ്മകള്‍...

എന്നിട്ടവര്‍
തൊണ്ടയില്‍ ഒരു തീക്കനല്‍ കൊണ്ടുവന്നു വെക്കും
കണ്ണില്‍ ഉറവുകള്‍ കുത്തും.
പിന്നെ
ഒരു ഗുളികയുടെ സാന്ത്വനം
കണ്ണുകളെ തഴുകി അടക്കുന്നത് വരെ
എനിക്ക് ചുറ്റും വന്യനൃത്തം ചവിട്ടും...

ഓര്‍മ്മ ട്യൂമറിനെ
അര്‍ബുദം പോലെ
വെട്ടി മാറ്റാന്‍ പറ്റുമോ ?

അടുത്ത തവണ
ഡോക്ടറെ കാണുമ്പോള്‍
ചോദിക്കും ഞാനത്.

Wednesday, August 25, 2010

ദി മാസ്ക്


മുഖംമൂടികള്‍ ഒരുപാടുണ്ട്,

എന്റെ കൈവശം.

ചിരിക്കുന്ന മുഖം.

നിസ്സംഗത.

പൊട്ടിച്ചിരി .

"ഞാന്‍ ഒന്നുമറിഞ്ഞില്ലേ" ഭാവം.

കുസൃതി നോട്ടം.

തമാശ മട്ട് .

അങ്ങനെ ഒത്തിരി.

തരം പോലെ എടുത്ത് അണിയുന്നു

ഓരോന്നോരോന്നു...

ഇനി എനിക്ക് വേണം

പുതിയൊരെണ്ണം.

കരളിന്റെ കൊടും ചൂടില്‍

ഉരുകിപ്പോകാത്ത,

കണ്ണീരിന്റെ കുത്തൊഴുക്കില്‍

അലിഞ്ഞു കീരാത്ത

പുതിയൊരു ചിരി മുഖംമൂടി.

അറിയുമോ, അങ്ങനെ ഒരെണ്ണം

എവിടെ കിട്ടും എന്ന് ???

Tuesday, August 24, 2010

കടല്‍ത്തീരത്ത്...
















ഈ കടല്‍-
എന്റെ കൂട്ടുകാരി.
എന്റെ അഭയം.
എന്റെ സാന്ത്വനം.
എന്റെ ഹൃദയം പറിഞ്ഞുപോയ ഈ ദിവസം.
ഇന്ന് വേറെ ആരാണ് എനിക്കൊരു കൂട്ടാവുക?
ഒത്തിരി നാളുകള്‍ക്കു ശേഷം
ഓടിയണഞ്ഞു
ഒന്ന് കാണാന്‍
ഒന്നിച്ചിരുന്നു മിണ്ടാന്‍
പിന്നെ ഇത്തിരി കരയാന്‍...

എന്റെ നീല പെണ്ണിന്റെ മടിയില്‍
ചാഞ്ഞിരുന്നു കണ്ണടച്ച്
കടല്ക്കുട്ടിയുടെ വര്‍ത്താനം കേട്ടിരിക്കാന്‍
ഒത്തിരി കൊതിച്ചു ഇന്ന്...
ചില്ലുകള്‍ ക്കകത്ത് എന്നെ ഒളിപ്പിച്ചു വെക്കാന്‍
നീല പെണ്ണ് ഇന്നില്ല കൂടെ...

ചിരിത്തിരകളില്‍ പതഞ്ഞുപൊങ്ങുന്ന ആള്‍ക്കൂട്ടത്തില്‍
ഒരു അദൃശ്യ കവചത്തില്‍ അകപ്പെട്ടപോലെ
വെറുതെ ഒറ്റക്ക് നിന്നൂ ഞാന്‍..
എത്രനേരം...എത്രനേരം....???

കടല്ക്കുട്ടി എന്നെ അടുത്ത് ചേര്‍ത്ത് നിര്‍ത്തി.
അവളുടെ ചിരിമുഴക്കത്തില്‍ എന്റെ തേങ്ങലുകള്‍ അലിഞ്ഞു.
കാറ്റിന്റെ കൈലേസ് കൊണ്ട്
അവള്‍ എന്റെ കണ്ണീരൊപ്പി.
തണുത്ത നീര്‍ത്തുള്ളികള്‍ തളിച്ച്
ഉള്ളിലെ വേവ് ആറ്റി.

എന്റെ കൂട്ടുകാരീ..
എന്നെയും കൂട്ടിക്കൂടെ നിന്റെ ഒപ്പം?
തിരക്കൈകളില്‍ എന്നെ
കോരിയെടുത്ത്
ചേര്‍ത്ത് പിടിച്ചുകൂടെ,
നിന്റെ നെഞ്ചിലേക്ക്?
വരട്ടെ, ഞാന്‍????






Thursday, August 19, 2010

ഓണം....


ഓണം.
പൂക്കളുടെയും പൂമ്പാറ്റകളുടെയും ഉത്സവകാലം.

എല്ലാത്തില്‍ നിന്നും അകലെ മാറി
മഴയില്‍ നനഞ്ഞ എന്റെ ജാലകച്ചില്ലില്‍ മുഖം ചേര്‍ത്ത്
ആരും മുട്ടിവിളിക്കാനില്ലാത്ത എന്റെ പടിവാതിലില്‍ കണ്ണും നട്ടിരിക്കുന്നു ഞാന്‍.

ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നുന്ന രാത്രികള്‍
അവിടെ എനിക്ക് കൂട്ടായി
ഇടയ്ക്കിടെ ഒരു കുഞ്ഞിക്കരച്ചില്‍ മാത്രം..

ഓടിച്ചെന്നു നോക്കുമ്പോള്‍
കണ്ണീരില്‍ തിളങ്ങുന്ന കവിളില്‍
ഓര്‍മ്മയുടെ അളുക്കുകള്‍ തുറക്കുന്ന കള്ളച്ചിരി.

ഓണത്തിന് ഞാന്‍ എന്ത് തരും..
ഒരായിരം ഓര്‍മ്മകള്‍ ഉരുകി ഒഴുകുന്ന എന്റെ കണ്ണീര്‍..
വേദന സഹിക്കാതാവുമ്പോള്‍ തലയിണയില്‍ മുഖമമര്‍ത്തി
ആരും കേള്‍ക്കാതെ ഒതുക്കുന്ന എന്റെ തേങ്ങലുകള്‍..

ഇതേയുള്ളൂ.. ഇത് മാത്രം.