Tuesday, September 21, 2010

Shade of Twilight


പട്ടയങ്ങളൊക്കെ വ്യാജമായിരുന്നത്രേ.
വായിച്ചപ്പോള്‍ മനസ്സിലാകാത്തതാകാം;
തെറ്റി വായിച്ചതാകാം;
ആ അക്ഷരങ്ങള്‍ അറിയാഞ്ഞിട്ടാകാം.
എന്തോ; എന്തായാലും
എല്ലാം വ്യാജ പട്ടയങ്ങള്‍ ആയിരുന്നത്രെ.

വീടുകെട്ടി പാര്‍ക്കാന്‍
സ്നേഹത്തോടെ തന്ന സ്ഥലത്തിനു
ഇന്നവകാശികള്‍ വേറെ ഉണ്ടെന്ന്‌..!

ശരിയാണ്.
വിനോദ കേന്ദ്രങ്ങള്‍ക്കെങ്ങിനെ
സ്ഥിരം പട്ടയം നല്‍കും?
അവ ഇടത്താവളങ്ങള്‍ മാത്രമല്ലേ?
ചിന്തിക്കാത്തതല്ലേ തെറ്റ്?

ഏതായാലും
അവര്‍ വന്നു, ഇന്നലെ,
ഇടിച്ചു നിരത്താന്‍.
കല്ലിന്മേല്‍ കല്ലു ശേഷിക്കാത്ത വിധം
ചതച്ചരച്ചു, ചക്രങ്ങള്‍.
സ്വപ്നക്കൂടിന്റെ തൂവല്‍ചുമരുകള്‍
യന്ത്രക്കൈകള്‍ തോണ്ടി എറിഞ്ഞു
മഞ്ഞ രാക്ഷസന്റെ അലര്‍ച്ചയ്ക്കിടയില്‍
കൂട്ടിലെ പക്ഷിക്കുഞ്ഞിന്റെ നിലവിളി ആരുകേള്‍ക്കാന്‍?

എന്നും പൊടിതുടച്ചു സൂക്ഷിച്ച ചിത്രങ്ങള്‍
ചില്ലുപൊട്ടി മണ്ണില്‍ പുതഞ്ഞു കിടന്നു.
കനത്ത ചക്രങ്ങള്‍ കീറിയ ചാലുകളില്‍
കണ്ണീരു തളംകെട്ടി.
ചതഞ്ഞരഞ്ഞെങ്കിലും മിടിപ്പ് വറ്റാത്ത ഒരു ഹൃദയം
അതില്‍ നിറം ചേര്‍ത്തു.
അസ്തമയത്തിന്റെ നിറം.
പോക്കുവെയിലിന്റെ നിറം.

Thursday, September 16, 2010

The Last Breath


ചുറ്റുവട്ടം തികച്ചും നിശ്ശബ്ദം ആകുമ്പോഴാണ്
എന്റെ കാതുകള്‍ അതറിയുക.
പതിഞ്ഞ കാലടിയൊച്ചകള്‍.
ചിലപ്പോള്‍ അല്പം അകലെ.
മറ്റു ചിലപ്പോള്‍ വളരെ അടുത്ത്.


അവന്റെ വിരലുകളുടെ തണുപ്പ് പോലും
അപ്പോഴെനിക്കു തൊട്ടറിയാം.
തലച്ചോറ് മരവിപ്പിക്കുന്ന
മരുന്നു മണക്കുന്ന കൊടുംതണുപ്പ്.

മജ്ജയിലേക്ക് തുളച്ചു കയറുന്ന
ചിലമ്പിച്ച സ്വരത്തില്‍
അവനെന്റെ കാതില്‍ മന്ത്രിക്കും,
"കൊണ്ടുപോകട്ടെ, ഞാന്‍?"

കൌതുകപ്പെടുന്നു ഞാന്‍, വീണ്ടും വീണ്ടും
എങ്ങനെയായിരിക്കും അവനോടൊപ്പമുള്ള ആ യാത്ര?
പ്രജ്ഞ മായുകയും
കൈകാലുകള്‍ കുഴയുകയും ചെയ്തു ഞാന്‍ തളരുമ്പോള്‍
കരുത്താര്‍ന്ന കൈകളില്‍ കോരിയെടുത്ത്
ശ്വാസം മുട്ടിക്കുന്ന വേഗത്തില്‍
പാതാള താഴ്ചയിലേക്ക്...
എന്നിട്ട് അങ്ങുതാഴെ അവന്റെ കല്ലുവീട്ടില്‍
പച്ചമണ്ണു മെത്തയിലെന്റെ അവസാന ഉറക്കം.

( കല്ലില്‍ ചവിട്ടി നടക്കുമ്പോള്‍
എന്റെ പാദങ്ങള്‍ വേദനിക്കാറുണ്ട്.
മേലൊക്കെ കനത്ത കല്ലുകള്‍ അമരുമ്പോള്‍
അതുപോലെ നോവുമോ?
പുഴുവിനെയും മണ്ണിരയെയും
പേടിയാണ് എനിക്ക്.
അവയെന്റെ മുഖത്തിനടുത്തുകൂടി
ഇഴഞ്ഞുപോകുമോ?
മണ്ണും പൊടിയും അലര്‍ജി ആണെനിക്ക്‌.
ശ്വാസനാളത്തില്‍ അവ നിറയുമ്പോള്‍
നെഞ്ചു വേദനിക്കുമോ? )

ഉറങ്ങിയുറങ്ങി ഞാന്‍
മണ്ണില്‍ അലിയുമ്പോള്‍
ഹൃദയഭിത്തികളും തലച്ചോറിന്റെ അടരുകളും തള്ളിത്തുറന്ന്
എന്റെ മനസ്സ് വെളിയിലേക്ക് കുതിക്കും.
മണ്ണിന്റെ പാളികള്‍ക്കിടയിലൂടെ
ഒരായിരം തുരങ്കങ്ങള്‍ പണിത്‌
ഒരു നീരുറവയോടൊപ്പം
പുറത്തേക്കു കിനിയും.

എന്നിട്ട്
നിന്റെ എഴുത്തുമേശവിളക്കിനെ
ചുറ്റി പറക്കുന്ന ഒരു മഴപ്പാറ്റയായി
നിന്റെ ജനലരികില്‍
ചിറകൊതുക്കുന്ന ഒരു കുഞ്ഞിക്കിളിയായി
നിന്റെ മുഖത്തുമ്മവെക്കുന്ന
പുതുമഴത്തുള്ളിയായി
നീയറിയാതെ കൂടെ കൂടും.

മരണം എന്നെ വലിച്ചുകീറി
മണ്ണോടു ചേര്‍ത്താലും
പിരിഞ്ഞു പോകാന്‍ കഴിയില്ലല്ലോ നിന്നെ,
എന്റെ പ്രിയപ്പെട്ടവനേ...!

Monday, September 13, 2010

The Fool's Paradise



ആരാണു പറഞ്ഞത്,
കോമാളി വേഷം പെണ്ണിന് പറ്റില്ലെന്ന്?

എത്ര ഭംഗിയായി ഞാനതവതരിപ്പിച്ചു
ഇക്കഴിഞ്ഞ കാലമത്രയും..!

വിദൂഷക വേഷം കെട്ടി
വിഡ്ഢികളുടെ രാജ്ഞിയായി
മൂഡസ്വര്‍ഗ്ഗത്തിലെ മേഘമാലകളില്‍
മതിമറന്നു പാറി -
പൊടുന്നനെ കനത്തോരടിഏറ്റു
തകര്‍ന്നു നിലം പൊത്തുംവരെ.

പിന്നെ
കണ്ണാടിയിലെ പ്രതിബിംബം
മുഖത്തേക്ക് പുച്ഛം എറിഞ്ഞു
കണ്‍തടത്തിലെ കറുപ്പുവലയങ്ങള്‍
എന്നെ നോക്കി ചിറികോട്ടി
ഹൃദയത്തോട് ചേര്‍ത്ത് സൂക്ഷിച്ച കുറിപ്പുകള്‍
"പറ്റിച്ചേ" എന്നാര്‍ത്തു ചിരിച്ചു.
ഉറക്കം ഞെട്ടി കണ്ണുമിഴിക്കുമ്പോള്‍
എന്നെ ചൂഴുന്ന ശൂന്യത
പ്രജ്ഞയില്‍ ഇരുട്ട് നിറച്ചു.

വയ്യ,
തിരശ്ശീലയിടട്ടെ, ഇനിയീ
കോമാളി നാടകത്തിന്‌.
അണിയറയിലെ ഇരുട്ടിലെത്തി
ഒന്ന് പൊട്ടിക്കരയാന്‍.

Wednesday, September 8, 2010

THE SHADE


ഒരു നിഴല്‍ ആയിരുന്നു ആദ്യം.
നീണ്ട, അറ്റം കാണാത്ത ഒരു ഇരുണ്ട നിഴല്‍.

അവിടേക്ക്
സൂര്യനെ കയ്യിലെടുത്തു കൊണ്ടുവന്നു ഒരു ചില്ല്.

ചില്ലിലൂടെ വന്ന രശ്മികള്‍ക്ക്
വെളിച്ചം ഏറെയായിരുന്നു..

നിഴല്‍ പ്രകാശിച്ചു
നിഴലിന്റെ കണ്ണീരുണങ്ങി
നിഴല്‍ ചിരിച്ചു
പൂത്തു തളിര്‍ത്തു.

പിന്നെ
സൂര്യന്‍ കത്തിക്കാളി
ചില്ലിനു ചൂടേറി
രശ്മികള്‍ കൂര്‍ത്തുമൂര്‍ത്തു

നിഴലിന്റെ പൂക്കള്‍ വെന്തെരിഞ്ഞു
ചാരമായി മണ്ണടിഞ്ഞു.

വീണ്ടും ബാക്കിയായി
നിഴല്‍
ഇരുണ്ട
തണുത്ത
ഒറ്റനിഴല്‍.

Thursday, September 2, 2010

Vinca Alba, Vinca Rosea..


യുദ്ധം കഴിഞ്ഞു.
ഒരു വശത്ത് ഞാന്‍ തനിയെ.
മറുവശം, എന്റെ മനസ്സ്.
സ്വപ്‌നങ്ങള്‍.
സങ്കല്‍പ്പങ്ങള്‍.
എന്റെ പാട്ടുകള്‍.
എന്റെ ചിരി.
എന്റെ വെളിച്ചം
എന്റെ സ്നേഹം.

ശക്തമായി പോരാടി...
വെട്ടിയരിഞ്ഞു
കൊത്തി നുറുക്കി.
ചെത്തിഎറിഞ്ഞു
ചോര തെറിച്ചു.

ആദ്യമൊക്കെ അവര്‍, എന്റെ ശത്രുക്കള്‍
പിടി തന്നില്ല
ഒരുവേള ഞാന്‍ തോല്‍ക്കുമെന്ന് പോലും തോന്നി...
പിടിച്ചു നിന്നു.

അതോടെ ശത്രുക്കള്‍ അടവ് മാറ്റി.
കെഞ്ചി
കരഞ്ഞു
കൊല്ലല്ലേ എന്ന് കേണു...

ഞാന്‍ പൊട്ടിച്ചിരിച്ചു
വിജയിയുടെ അട്ടഹാസം.
കണ്ണടച്ചു
ഒറ്റ വെട്ട്‌.
തറപറ്റി എന്റെ ശത്രുപക്ഷം.

നിലത്തിരുന്നു
വാരിക്കൂട്ടി
ചൂടുള്ള പിടയുന്ന കഷണങ്ങള്‍.
ഒരു കുഴി കുത്തി
മറവു ചെയ്തു.
മണ്ണിനടിയില്‍ നിന്നു
അപ്പോഴും കേള്‍ക്കാമായിരുന്നു
ഗദ്ഗദങ്ങള്‍
ഞരക്കങ്ങള്‍
യാചനകള്‍...
മണ്ണ് തടുത്തു കൂട്ടിയ കൈകളില്‍
കബന്ധങ്ങളുടെ ചൂട് തട്ടുന്നത്
അറിഞ്ഞു...

കുഴിമാടത്തിനു മേലൊരു
കുഞ്ഞിചെടി നട്ടു.
വെള്ള പൂക്കള്‍ കൊണ്ട് ചിരിക്കുന്ന
ഒരു കുഞ്ഞു ചെടി.

യുദ്ധത്തില്‍ മുറിവേറ്റ കൈകളില്‍
നിന്നൊഴുകിയ ചോര കൊണ്ട്
കുഞ്ഞിചെടിയെ നനച്ചു.

നോക്കി നോക്കിയിരിക്കെ
പടരുന്നു
കൊച്ചു പൂക്കളുടെ
വെളുത്ത കവിളുകളില്‍
ചുവപ്പ് രാശി...

എന്റെ പുസ്തകങ്ങള്‍ പറഞ്ഞു,
ശവംനാരിപൂക്കള്‍ ആണെങ്കിലും
അവ അര്‍ബുദത്തിനു മരുന്നാണെന്ന്...!
ഓര്‍മ്മ ട്യൂമര്‍ ചികിത്സിക്കാന്‍
ഇത് പറ്റുമോ, എന്തോ ???