Friday, August 27, 2010

ശസ്ത്രക്രിയ


ശല്യമാണ് ഓര്‍മ്മകള്‍.
ഔചിത്യമില്ലാത്ത അതിഥികളെ പോലെ
അസമയത്ത് അലോസരപ്പെടുത്തുന്നവര്‍.
കേറി വന്നാല്‍ പിന്നെ തിരിച്ചു പോകാത്തവര്‍.
ആട്ടി ഇറക്കിയാലും ലജ്ജയില്ലാതെ
പിന്നെയും പിന്നെയും...

അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങള്‍
ഓണപ്പുടവയിലെ കസവ് നൂലുകള്‍
മുളക് എണ്ണയില്‍ മൂക്കുന്ന മണം
എന്തിനു
പഴയൊരു ഐഡന്റിറ്റി കാര്‍ഡ്‌ ടാഗും
തൊലിയില്‍ വരയുന്ന ഒരു ബോള്‍പെന്‍ രേഖ പോലും
കൊണ്ട് വന്നു മറിക്കും,
ഒരു നൂറു ഓര്‍മ്മകള്‍...

എന്നിട്ടവര്‍
തൊണ്ടയില്‍ ഒരു തീക്കനല്‍ കൊണ്ടുവന്നു വെക്കും
കണ്ണില്‍ ഉറവുകള്‍ കുത്തും.
പിന്നെ
ഒരു ഗുളികയുടെ സാന്ത്വനം
കണ്ണുകളെ തഴുകി അടക്കുന്നത് വരെ
എനിക്ക് ചുറ്റും വന്യനൃത്തം ചവിട്ടും...

ഓര്‍മ്മ ട്യൂമറിനെ
അര്‍ബുദം പോലെ
വെട്ടി മാറ്റാന്‍ പറ്റുമോ ?

അടുത്ത തവണ
ഡോക്ടറെ കാണുമ്പോള്‍
ചോദിക്കും ഞാനത്.

1 comment:

  1. no words!you definitely ARE a poet!!the words keep haunting me too.truly deep.

    ReplyDelete