Thursday, September 16, 2010

The Last Breath


ചുറ്റുവട്ടം തികച്ചും നിശ്ശബ്ദം ആകുമ്പോഴാണ്
എന്റെ കാതുകള്‍ അതറിയുക.
പതിഞ്ഞ കാലടിയൊച്ചകള്‍.
ചിലപ്പോള്‍ അല്പം അകലെ.
മറ്റു ചിലപ്പോള്‍ വളരെ അടുത്ത്.


അവന്റെ വിരലുകളുടെ തണുപ്പ് പോലും
അപ്പോഴെനിക്കു തൊട്ടറിയാം.
തലച്ചോറ് മരവിപ്പിക്കുന്ന
മരുന്നു മണക്കുന്ന കൊടുംതണുപ്പ്.

മജ്ജയിലേക്ക് തുളച്ചു കയറുന്ന
ചിലമ്പിച്ച സ്വരത്തില്‍
അവനെന്റെ കാതില്‍ മന്ത്രിക്കും,
"കൊണ്ടുപോകട്ടെ, ഞാന്‍?"

കൌതുകപ്പെടുന്നു ഞാന്‍, വീണ്ടും വീണ്ടും
എങ്ങനെയായിരിക്കും അവനോടൊപ്പമുള്ള ആ യാത്ര?
പ്രജ്ഞ മായുകയും
കൈകാലുകള്‍ കുഴയുകയും ചെയ്തു ഞാന്‍ തളരുമ്പോള്‍
കരുത്താര്‍ന്ന കൈകളില്‍ കോരിയെടുത്ത്
ശ്വാസം മുട്ടിക്കുന്ന വേഗത്തില്‍
പാതാള താഴ്ചയിലേക്ക്...
എന്നിട്ട് അങ്ങുതാഴെ അവന്റെ കല്ലുവീട്ടില്‍
പച്ചമണ്ണു മെത്തയിലെന്റെ അവസാന ഉറക്കം.

( കല്ലില്‍ ചവിട്ടി നടക്കുമ്പോള്‍
എന്റെ പാദങ്ങള്‍ വേദനിക്കാറുണ്ട്.
മേലൊക്കെ കനത്ത കല്ലുകള്‍ അമരുമ്പോള്‍
അതുപോലെ നോവുമോ?
പുഴുവിനെയും മണ്ണിരയെയും
പേടിയാണ് എനിക്ക്.
അവയെന്റെ മുഖത്തിനടുത്തുകൂടി
ഇഴഞ്ഞുപോകുമോ?
മണ്ണും പൊടിയും അലര്‍ജി ആണെനിക്ക്‌.
ശ്വാസനാളത്തില്‍ അവ നിറയുമ്പോള്‍
നെഞ്ചു വേദനിക്കുമോ? )

ഉറങ്ങിയുറങ്ങി ഞാന്‍
മണ്ണില്‍ അലിയുമ്പോള്‍
ഹൃദയഭിത്തികളും തലച്ചോറിന്റെ അടരുകളും തള്ളിത്തുറന്ന്
എന്റെ മനസ്സ് വെളിയിലേക്ക് കുതിക്കും.
മണ്ണിന്റെ പാളികള്‍ക്കിടയിലൂടെ
ഒരായിരം തുരങ്കങ്ങള്‍ പണിത്‌
ഒരു നീരുറവയോടൊപ്പം
പുറത്തേക്കു കിനിയും.

എന്നിട്ട്
നിന്റെ എഴുത്തുമേശവിളക്കിനെ
ചുറ്റി പറക്കുന്ന ഒരു മഴപ്പാറ്റയായി
നിന്റെ ജനലരികില്‍
ചിറകൊതുക്കുന്ന ഒരു കുഞ്ഞിക്കിളിയായി
നിന്റെ മുഖത്തുമ്മവെക്കുന്ന
പുതുമഴത്തുള്ളിയായി
നീയറിയാതെ കൂടെ കൂടും.

മരണം എന്നെ വലിച്ചുകീറി
മണ്ണോടു ചേര്‍ത്താലും
പിരിഞ്ഞു പോകാന്‍ കഴിയില്ലല്ലോ നിന്നെ,
എന്റെ പ്രിയപ്പെട്ടവനേ...!

1 comment:

  1. dont use such heavy words de.i feel so sad reading them.i know poetry is a vent.still...are you so sad,dearest?

    ReplyDelete