Thursday, September 2, 2010

Vinca Alba, Vinca Rosea..


യുദ്ധം കഴിഞ്ഞു.
ഒരു വശത്ത് ഞാന്‍ തനിയെ.
മറുവശം, എന്റെ മനസ്സ്.
സ്വപ്‌നങ്ങള്‍.
സങ്കല്‍പ്പങ്ങള്‍.
എന്റെ പാട്ടുകള്‍.
എന്റെ ചിരി.
എന്റെ വെളിച്ചം
എന്റെ സ്നേഹം.

ശക്തമായി പോരാടി...
വെട്ടിയരിഞ്ഞു
കൊത്തി നുറുക്കി.
ചെത്തിഎറിഞ്ഞു
ചോര തെറിച്ചു.

ആദ്യമൊക്കെ അവര്‍, എന്റെ ശത്രുക്കള്‍
പിടി തന്നില്ല
ഒരുവേള ഞാന്‍ തോല്‍ക്കുമെന്ന് പോലും തോന്നി...
പിടിച്ചു നിന്നു.

അതോടെ ശത്രുക്കള്‍ അടവ് മാറ്റി.
കെഞ്ചി
കരഞ്ഞു
കൊല്ലല്ലേ എന്ന് കേണു...

ഞാന്‍ പൊട്ടിച്ചിരിച്ചു
വിജയിയുടെ അട്ടഹാസം.
കണ്ണടച്ചു
ഒറ്റ വെട്ട്‌.
തറപറ്റി എന്റെ ശത്രുപക്ഷം.

നിലത്തിരുന്നു
വാരിക്കൂട്ടി
ചൂടുള്ള പിടയുന്ന കഷണങ്ങള്‍.
ഒരു കുഴി കുത്തി
മറവു ചെയ്തു.
മണ്ണിനടിയില്‍ നിന്നു
അപ്പോഴും കേള്‍ക്കാമായിരുന്നു
ഗദ്ഗദങ്ങള്‍
ഞരക്കങ്ങള്‍
യാചനകള്‍...
മണ്ണ് തടുത്തു കൂട്ടിയ കൈകളില്‍
കബന്ധങ്ങളുടെ ചൂട് തട്ടുന്നത്
അറിഞ്ഞു...

കുഴിമാടത്തിനു മേലൊരു
കുഞ്ഞിചെടി നട്ടു.
വെള്ള പൂക്കള്‍ കൊണ്ട് ചിരിക്കുന്ന
ഒരു കുഞ്ഞു ചെടി.

യുദ്ധത്തില്‍ മുറിവേറ്റ കൈകളില്‍
നിന്നൊഴുകിയ ചോര കൊണ്ട്
കുഞ്ഞിചെടിയെ നനച്ചു.

നോക്കി നോക്കിയിരിക്കെ
പടരുന്നു
കൊച്ചു പൂക്കളുടെ
വെളുത്ത കവിളുകളില്‍
ചുവപ്പ് രാശി...

എന്റെ പുസ്തകങ്ങള്‍ പറഞ്ഞു,
ശവംനാരിപൂക്കള്‍ ആണെങ്കിലും
അവ അര്‍ബുദത്തിനു മരുന്നാണെന്ന്...!
ഓര്‍മ്മ ട്യൂമര്‍ ചികിത്സിക്കാന്‍
ഇത് പറ്റുമോ, എന്തോ ???

1 comment:

  1. hmmm...dont be so sad,please.and please remove the last sentence from 'About me' in profile.it really hurts.love to see you smile,always!

    ReplyDelete